0%
Chapter 9

മിഴി 9 [രാമന്‍] [Climax]

Author : രാമൻ | Read All Parts | 👁 16951 |

ഇന്നൊരുതുള്ളി മഴകാണാനില്ല. പറത്തൊക്കെ നോക്കിയാൽ കണ്ണ് അടിച്ചു പോവുന്ന തോതിൽ വെയിലാണ്. ഇടിയൊക്കെയോന്ന് വെട്ടിയാൽ. ആ അടുത്ത് ചെന്നിരിക്കാമായിരുന്നു.അല്ലേൽ പേടി കൊണ്ട് എന്‍റടുത്തേക്കു വന്നേനെ.പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അല്ലേലും ഇങ്ങനെ തന്നെയാണ്. നിന്ന് തിരിഞ്ഞു കളിച്ചു കളിച്ചു ഉപ്പാടിളകീന്ന് പറഞ്ഞാൽ മതി. സമയം പതിനൊന്നര, ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്. അല്ലേലും ഫുഡ്‌ വിട്ടുള്ളൊരു സ്നേഹമൊക്കെ മതി! തോന്നി തുടങ്ങിയത് വിശപ്പ് കൊണ്ട. ചെന്ന് രണ്ടു ചീത്ത പോയിപ്പറയാൻ കഴിയുമെന്ന് ഇപ്പോഴുമെനിക്ക് തോന്നുന്നില്ല. ആ ഉണ്ടക്കണ്ണു കാണുമ്പോഴേ തളർന്നു പോവും. ഇത്തിരി നേരം കൂടെ പിടിച്ചു നിക്കാമെന്ന് കരുതി. ഇനിയും നിന്ന ചിലപ്പോ തല കറങ്ങുമെന്ന് ഉറപ്പായപ്പോ ചെറിയമ്മയുടെ റൂമിലേക്കുള്ള നോട്ടം നിർത്തി താഴേക്ക് ചാടി. രണ്ട് ദോശയും, ചമ്മന്തിയും,ഇത്തിരി സാമ്പാറും വേണ്ടിയിട്ടല്ലാതെ ഒരു ഭംഗിക്ക് ഇത്തിരി കോഴി വെട്ടിനുറുക്കിയ അച്ചാറും എടുത്തൊരു ഒരു പ്ലേറ്റിൽ ആക്കി.നോട്ടം കൊണ്ട് തന്നെ വിശപ്പിനെ ശമിപ്പിക്കാൻ നോക്കി .അച്ഛാറെടുത്ത സ്പൂൺ ഞാൻ വായിലിട്ട് നക്കി വൃത്തിയാക്കിയപ്പോ. നേർത്ത ചെറു കഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചിയും ഇടക്ക് മെല്ലെയറിയാതെ കടിച്ചു പോവും ചെറിയ പുളിയും എരിവും, എവിടൊന്നൊക്കെയോ കേറിവരുന്നൊരു മധുരവും നാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു തലച്ചോറിൽ എത്തിയ പോലെ തോന്നി.നേരത്തെ മണം പിടിച്ച കുടലെന്നോട് കൈ കൂപ്പി നന്ദി പറഞ്ഞു കാണും. ദോശ മുറിച്ചു ചമ്മന്തിയും കൂട്ടി സാമ്പാറിൽ മുക്കി മുക്കീല്ല എന്നാ രീതിയിൽ ഒന്ന് തൊട്ടിച്ചു വായ പിളറിയ പോലെ തുറന്നു വെച്ച് അണ്ണാക്കിലേക്ക് അതങ്ങു തട്ടാനുള്ള പ്ലാനിന് ചെറിയ തടസ്സം.മുകളിൽ നിന്ന് പത്രമെല്ലാം തട്ടി വീഴുന്നൊരു ശബ്‌ദം കാതിലേക്ക് തറച്ചു വീണു. അനു എന്നായിരുന്നു മനസ്സിൽ.കയ്യിലെ ദോശ പാത്രത്തിലേക്ക് തന്നെ വീണു.ചാടി എഴുന്നേറ്റ് ഒറ്റ ഓട്ടം. സ്റ്റെപ് കേറി മുകളിൽ നിന്ന് ആ റൂമിലേക്ക് നോക്കിയപ്പോ ടേബിളിന് മുകളിൽ വെച്ച പത്രമൊന്നും അവിടെയില്ല. ബുദ്ധിമുട്ടെല്ലാം മാറ്റി വെച്ച് ഞാനാ റൂമിലേക്ക് ഓടി. വാതിൽ പടിയിൽ നിന്ന് കിതപ്പോടെ ഉള്ളിലേക്ക് നോക്കി. ബെഡിൽ കാലുനീട്ടി ചുമരിലേക്ക് ചാരി ഇരിക്കുന്ന ചെറിയമ്മ ഒന്നും അറിഞ്ഞില്ല,കേട്ടില്ല കണ്ടില്ലന്നുള്ള ഭാവം.എന്‍റെ ദൈവമേ പിന്നെന്താ നടന്നെ?ഉണ്ടക്കണ്ണി ആണേൽ ഓടി വന്ന എന്നെയൊന്നും ശ്രദ്ധിക്കണ്ടേ.? അതില്ല!!.ഇനിയിവള്‍ പത്രമെടുത്തെറിഞ്ഞതാണോ? അത് വീണ ദിശയൊന്നു നോക്കിയപ്പോ. ഞാൻ തലക്ക് കൈ കൊടുത്തു പോയി . ദോശയും ചമ്മന്തിയുമൊക്കെ നിലത്തുണ്ട്. അത് നല്ല വൃത്തിക്ക് കടിച്ചു തിന്നണ ഒരു തെണ്ടി പൂച്ചയുമുണ്ട്.ശ്വാസം വിട്ടു. പിന്നെ നീട്ടി വലിച്ചു. എന്‍റെ ചെറിയമ്മേ പേടിപ്പിച്ചല്ലോ നീ!!. കൈ കെട്ടി ചുമരിൽ ചാരി ആ മുട്ടിന്‍റെ താഴെ വരെ എത്തുന്ന പാവാടയുമിട്ട് കാലു നീട്ടി ഇരിക്കുന്നയവളുടെ വലതുവശത്തു തുറന്നുകിടക്കുന്ന ജനലുണ്ട്.അതിൽ പുറത്തു വെയിലിൽ മുങ്ങി നിൽക്കുന്ന പാടവും മെല്ലെ ഇളകിയാടുന്ന തെങ്ങും  ചത്തു കിടക്കുന്ന പോലെയുണ്ട്. .കാറ്റിന് ഇളം ചൂടും, ആ ചൂടിന് ഇളം മണവുമുണ്ട്.തൊണ്ട വറ്റിക്കുന്ന ചെറിയൊരു വിങ്ങൽ വരുന്ന കാറ്റിനൊപ്പമുണ്ട്. "മ്യാവു...." താഴെനിന്ന് വയറു നിറഞ്ഞ പൂച്ച എന്നെ കണ്ടോന്നു ചിരിച്ചു. സൈഡിലൂടെ മെല്ലെ നടന്നു അത് വാതിലിനു പുറത്തേക്ക് ഇറങ്ങി പോയി.ചെറിയമ്മ നോക്കൂല്ലന്നുറപ്പാ. നോക്കണ്ട!!

💬 Comments

View all comments